‘മന്ത്രി വിദ്യാർത്ഥി സമൂഹത്തെ അപമാനിച്ചു; സജി ചെറിയാന്‍ മാപ്പു പറയണം’: അലോഷ്യസ് സേവ്യർ

Jaihind Webdesk
Sunday, June 30, 2024

 

തിരുവനന്തപുരം: പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും എല്ലാവരെയും ജയിപ്പിച്ചു വിടുകയുമാണെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തല്‍ക്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരാണ്. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.