‘പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും’; തൃശൂരില്‍ നടന്നത് സിപിഎം-ബിജെപി അന്തർധാരയെന്ന് കെ. മുരളീധരന്‍

Jaihind Webdesk
Sunday, June 30, 2024

 

തിരുവനന്തപുരം: തൃശൂരിലെ തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. തൃശൂർ പൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോയെന്നും ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ അത് സാധിക്കില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ചില അന്തർധാരകൾ ഉണ്ടെന്ന് എല്ലാവരും മനസിലാക്കണം. വിജയത്തിനൊപ്പം ജനങ്ങൾ ഒരു വാണിംഗ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും കെ. മുരളീധരൻ. പാലക്കാട് നഗരസഭയിൽ മാത്രമേ ബിജെപിക്ക് ചെറിയ മുൻതൂക്കമുള്ളു. പാലക്കാട് യുഡിഎഫിന്‍റെ ഉറച്ച സീറ്റാണെന്നും കെ. മുരളീധരൻ പറഞ്ഞു. പൂരം കലക്കാൻ സർക്കാർ കൂട്ടുനിന്നപ്പോള്‍ തന്നെ തിരക്കഥ പൂർത്തിയായി. മന്ത്രി രാജന് മൂകസാക്ഷിയായി നിൽകേണ്ടി വന്നു. 56,000 വോട്ടർമാരെ പുതിയതായി ചേർത്തപ്പോൾ സിപിഎം ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി പിണറായി അധിക്ഷേപിച്ചു. അതിന്‍റെ ഫലമായാണ് തിരിച്ചടി സംഭവിച്ചത്. കേരളത്തിലെ സിപിഎമ്മിന് നിലപാടില്ലെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം മേയറെയും കെ. മുരളീധരൻ വിമർശിച്ചു. സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റിയാണ് മേയറെ വിമർശിക്കുന്നത്. പിന്നെ ഞങ്ങളായിട്ട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. പ്രസ്ഥാനത്തിനെതിരെ കുഴി തോണ്ടുന്നയാളായി തിരുവനന്തപുരം മേയർ മാറിയെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.