സ്വന്തം നിലയില്‍ വിസി നിയമനവുമായി ഗവർണർ; വീണ്ടും നിയമപോരാട്ടത്തിന് കളമൊരുങ്ങുന്നു

Jaihind Webdesk
Saturday, June 29, 2024

 

തിരുവനന്തപുരം: സ്വന്തം നിലയിൽ സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ്
യൂണിവേഴ്സിറ്റികളിൽ സർവകലാശാല പ്രതിനിധികൾ ഇല്ലാതെ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഇതോടെ വിസി നിയമനത്തിൽ വീണ്ടും ഗവർണർ-സർക്കാർ പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. വിസി നിയമനം വീണ്ടും നിയമ പോരാട്ടത്തിലേക്ക് നീങ്ങും.

കേരള, എംജി, ഫിഷറീസ്, അഗ്രികൾച്ചർ, കെടിയു, മലയാളം സർവകലാശാലകളിലേ വിസി നിയമനങ്ങൾക്കാണ് ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസിയുടെയും ചാൻസിലരുടെയും നോമിനികളാണുളളത്. സർക്കാർ നോമിനികളെ നല്‍കാത്തതിനാൽ സർവകലാശാല പ്രതിനിധികൾ ഇല്ലാതെയാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയത്. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ വിസി നിയമനം സാധ്യമല്ല എന്നായിരുന്നു സർക്കാർ നിലപാട്.

പലതവണ ഗവർണർ സർവകലാശാലകളുടെ പ്രതിനിധികളെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബില്ലുകളിൽ തീരുമാനം ആയശേഷം ബാക്കി നടപടി എന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ സ്വന്തം നിലയ്ക്ക് വിസി നിയമന
നീക്കവുമായി ഗവർണർ മുന്നോട്ടുപോകുന്നതോടെ ഇനി സർക്കാർ നീക്കം എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്. വിജ്ഞാപനം നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. സർക്കാരും സർവകലാശാല സിൻഡിക്കേറ്റുകളും ഗവർണറുടെ നീക്കത്തെ കോടതിയിൽ ചോദ്യം ചെയും. അതേസമയം വിസിമാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്‍റെ വിശദീകരണം. ഏതായാലും രാഷ്ട്രീയ നിയമ പോരാട്ടങ്ങളിലേക്ക് സർവകലാശാല വൈസ് ചാൻസിലർ നിയമനം നീങ്ങുകയാണ്.