ക്വട്ടേഷന്‍-മാഫിയ ബന്ധം; ഷാജര്‍ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഫര്‍ഹാന്‍ മുണ്ടേരി

Jaihind Webdesk
Friday, June 28, 2024

 

മലപ്പുറം: കള്ളക്കടത്ത് ക്വട്ടേഷന്‍ മാഫിയ സംഘങ്ങളില്‍ നിന്നു കമ്മീഷന്‍ വാങ്ങി ജീവിക്കുന്ന എം. ഷാജര്‍ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ എം. ഷാജറിനെതിരെ ഗുരുതര ആരോപണമാണ് സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായ മനു തോമസ് ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടിയിലെ ചിലര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നു കാണിച്ച് മനു തോമസിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇന്നലെ പറഞ്ഞത്. ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ എം.വി. ജയരാജന്‍ തയാറാകണം. എം. ഷാജറിനെ കൂടാതെ പാര്‍ട്ടിക്കു തന്നെ സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളതുകൊണ്ടാണോ ഷാജറിന്‍റെ പേര് എം.വി. ജയരാജന്‍ വെളിപ്പെടുത്താത്തതെന്നും ഫര്‍ഹാന്‍ ചോദിച്ചു. വസ്തുതകള്‍ നിറഞ്ഞ മനു തോമസിന്റെ പരാതി പൂഴ്ത്തിയതിലൂടെ തിരുത്തലുകള്‍ക്ക് തയാറല്ല എന്നാണ് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും പറഞ്ഞു വെക്കുന്നതെന്നും ഫര്‍ഹാന്‍ മുണ്ടേരി പ്രസ്താവനയില്‍ പറഞ്ഞു.