ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഇന്ത്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിൽ വിഷയം ഉന്നയിക്കും. രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ആവും വിഷയം ഉന്നയിക്കുക. അടിയന്തരപ്രമേയത്തില്‍ ചർച്ചയ്ക്ക് തയാറായില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും ഇന്ത്യാ സഖ്യം തീരുമാനിച്ചു. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. നീറ്റ്, അഗ്നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കും. തിങ്കളാഴ്ച പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഒത്തുകൂടാനും യോഗത്തില്‍ തീരുമാനമായി. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്.