തിരുവനന്തപുരം: ടി.പി. കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ. കെ. രമ. രൂക്ഷമായ പ്രതികരണമാണ് കെ. കെ. രമ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയിട്ടുള്ളത്. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്നും രമ പറഞ്ഞു.
കേരളം വെറുത്ത ക്രിമിനലുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായി നിലനില്‍ക്കില്ലെങ്കിലും ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് പ്രതികളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമ പറഞ്ഞു. ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ. കെ. രമ ആരോപിച്ചു.