കണ്‍സഷനിലെ കാലതാമസം പരിഹരിക്കണം; കെഎസ്ആർടിസി സൂപ്രണ്ടിന് പരാതി നല്‍കി കെഎസ്‌യു

Jaihind Webdesk
Tuesday, June 25, 2024

 

തിരുവനന്തപുരം: വിദ്യാർത്ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കെഎസ്‌യു കെഎസ്ആർടിസി സൂപ്രണ്ടിന് പരാതി നല്‍കി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസി കൺസഷൻ ഓൺലൈൻ ആക്കിയതോടെ വൈകുന്നു എന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് കെഎസ്‌യു ഇടപെടല്‍. വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയാണ് കെഎസ്ആർടിസി കണിയാപുരം സൂപ്രണ്ടിന് പരാതി നൽകിയത്.

വിഷയം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി സൂപ്രണ്ട് ഉറപ്പ് നല്‍കി. ഓൺലൈൻ കൺസഷനായി അപേക്ഷ നൽകിയശേഷം വിദ്യാർത്ഥികള്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിലെ അപാകതയാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികള്‍ക്ക് ബോധവത്ക്കരണം നല്‍കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌യു മണ്ഡലം പ്രസിഡന്‍റ്‌ നൗഫൽ കണിയാപുരം, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഫാറൂഖ് കണിയാപുരം, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ ജാബു കണിയാപുരം, മൈനോറിറ്റി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി നബീൽ നാസർ എന്നിവർ നേതൃത്വം നല്‍കി.