പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; കേരളത്തില്‍ നിന്നുള്ള 18 അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Jaihind Webdesk
Monday, June 24, 2024

 

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. കേരളത്തില്‍ നിന്നുള്ള പതിനെട്ട് അംഗങ്ങള്‍ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും.

സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. വൈകിട്ട് നാലു മണിക്കാണ് കേരളത്തില്‍ നിന്നുള്ള 18 എംപിമാരുടെ സത്യപ്രതിജ്ഞ. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഈ മാസം 26 നാണ് ലോക്സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. ജൂൺ 27 ന് രാഷ്‌ട്രപതി പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ജൂലൈ 3 നാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം അവസാനിക്കുന്നത്. 264-ാമത് രാജ്യസഭാ സമ്മേളനം ഈ മാസം 27ന് ആരംഭിച്ച് ജൂലൈ 3ന് അവസാനിക്കും.

അതേസമയം സമ്മേളനത്തിന്‍റെ തുടക്കത്തില്‍ തന്നെ വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. നീറ്റ്, നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും. ഓഹരി വിപണി വിവാദവും പ്രോ ടെം സ്പീക്കർ വിഷയവും പ്രതിപക്ഷം സഭയില്‍ ഉയർത്തും.