രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന സർക്കാർ; കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

Jaihind Webdesk
Sunday, June 23, 2024

 

ഹൈദരാബാദ്: രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്തെ കർഷകരുടെ രണ്ടുലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2022 മെയ് 6-ന് വാറങ്കലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനമാണ് തെലങ്കാന സർക്കാർ പൂർത്തീകരിച്ചത്. അർഹരായ കർഷകരെ കണ്ടെത്തുന്നതിനായി ഒരു കമ്മിറ്റിയേയും നിയോഗിച്ചു.

ഏകദേശം 31,000 കോടി രൂപയാണ് വായ്പ എഴുതിത്തള്ളലിനായി സര്‍ക്കാറിന് ചെലവാകുക.  40 ലക്ഷത്തോളം വരുന്ന കർഷകർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാന്‍ കോൺഗ്രസ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. കർഷകരെ സംരക്ഷിക്കുമെന്ന കോണ്‍ഗ്രസിന്‍റെ ഉറച്ച പ്രഖ്യാപനമാണ് ലോണുകള്‍ എഴുതിത്തള്ളാനുള്ള തെലങ്കാന സർക്കാരിന്‍റെ തീരുമാനം.

തെലങ്കാന സർക്കാറിന്‍റേത് ചരിത്രപരമായ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതികരിത്തു. ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കുമെന്ന വാഗ്ദാനമാണ് ഞങ്ങള്‍ നിറവേറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”തെലങ്കാനയിലെ കർഷകർക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ എഴുതിതള്ളിയിരിക്കുന്നു. 2022 മെയ് ആറിന് രാഹുൽ ഗാന്ധിയാണ് കടങ്ങൾ എഴുതിതള്ളുമെന്ന വാഗ്ദാനം നിങ്ങൾക്ക് നൽകിയത്. ഇന്നിതാ നിങ്ങളുടെ കോൺഗ്രസ് സർക്കാർ ആ വാഗ്ദാനം നിറവേറ്റിയിരുന്നു. പറയുന്നതാണ് ചെയ്യുന്നത്. ഞങ്ങൾ കോൺഗ്രസാണ്”- രേവന്ത് റെഡ്ഡി സർക്കാറിന്‍റെ നീക്കത്തെ പ്രശംസിച്ച് കോൺഗ്രസ് സന്ദേശം പങ്കുവെച്ചു.