ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകി വിട്ടയക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 22, 2024

 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകി വിട്ടയിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കുള്ള ശിക്ഷയിൽ ഒരു തരത്തിലുള്ള ഇളവുകളും 20 വർഷത്തേക്ക്അനുവദിക്കാൻ പാടില്ലെന്ന കോടതി നിർദ്ദേശത്തെ കാറ്റിൽ പറത്തി പിണറായി വിജയൻ സർക്കാർ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹവും അപലപനീയവുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു മനുഷ്യനെ പ്രാകൃതമായ രീതിയിൽ വകവരുത്തിയ പ്രതികൾക്ക് ശിക്ഷയിൽ ഇളവു നൽകാനുള്ള നീക്കം മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്‍റെയും അറിവോടു കൂടി തന്നെയാണ് നടക്കുന്നത്, ഇതൊരു കോടതിയലക്ഷ്യ നടപടിയാണ്. അധികാരത്തിന്‍റെ അഹങ്കാരത്തിൽ പ്രതികൾക്ക് അനധികൃത പരോൾ അനുവദിച്ചു കൊണ്ടിരുന്ന സർക്കാർ ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളുമാണ് ഇക്കാലമത്രയും ഒരുക്കി കൊടുത്തത്. കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച 51 വെട്ടിൽ കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍റെ കൊലപാതകികൾക്ക് സംരക്ഷണം കൊടുക്കുന്ന മുഖ്യമന്ത്രി കൊലയാളികളുടെ കൂട്ടുകാരനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്‍റെ യും മുഖ്യമന്ത്രിയുടെയും മനുഷ്യത്വരഹിതമായ ഈ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും, പ്രതികൾ വേണ്ടപ്പെട്ടവരായതു കൊണ്ടാണ് മുഖ്യമന്ത്രി കോടതിയെ ധിക്കരിക്കുന്നത്. ആഭ്യന്തര വകുപ്പും ജയില്‍മേധാവികളും ചേർന്നു നടത്തുന്ന നിന്ദ്യമായ ഈ നടപടിക്കെതിരെ കേരളം ഒരുമിച്ചു നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു.