കെജ്‍രിവാളിന്‍റെ ജയില്‍ മോചനം വൈകും; സ്റ്റേ സമ്പാദിച്ച് ഇഡി, ഹർജിയില്‍ വിധി 25ന്

Jaihind Webdesk
Friday, June 21, 2024

 

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് തിരിച്ചടി. വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യം നൽകിയതിനെതിരെയുള്ള അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി. ജൂൺ 25-ന് ഹർജിയിൽ കോടതി വിധി പറയുമെന്നും അതുവരെ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നുമാണ് വെള്ളിയാഴ്ച കോടതി നിര്‍ദേശം. കെജ്‍രിവാളിന് ജാമ്യം നൽകിയതിനെ എതിർത്ത് ഇന്ന് രാവിലെയാണ് ഇഡി ഹൈക്കോടതിയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് ഹൈക്കോടതിയുടെ നടപടി.

കഴിഞ്ഞ ദിവസം റോസ് അവന്യു കോടതി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള വിധി സമ്പാദിച്ചത്. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ഡല്‍ഹി ഹൈക്കോടതി കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇനി 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്‍രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ അറസ്റ്റിലായിട്ട് ഇന്ന് മൂന്നു മാസം തികഞ്ഞു.  മാർച്ച് 21-ന് ഇഡി അറസ്റ്റിന് പിന്നാലെ കെജ്‍രിവാളിനെ തിഹാർ ജയിലിൽ കസ്റ്റഡിയിലേക്ക് അയച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മെയ് 10 മുതല്‍ ജൂണ്‍ 1 വരെ കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കെജ്‌രിവാള്‍ ഇന്ന് ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ വലിയ ആഘോഷങ്ങള്‍ക്കായിരുന്നു എഎപി തയാറെടുത്തിരുന്നത്.