പ്ലസ് വണ്‍ സീറ്റിലെ എസ്എഫ്ഐ നിലപാട് പരിഹാസ്യം; വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളും: അലോഷ്യസ് സേവ്യർ

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്ന എസ്എഫ്ഐ നിലപാട് പരിഹാസ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കെഎസ്‌യു ഉയർത്തിയ ശക്തമായ സമരപരിപാടികളുടെ ഭാഗമായി സീറ്റുകള്‍ വർധിപ്പിക്കുമെന്ന സാഹചര്യം മുന്നില്‍ കണ്ടുള്ളതാണ് എസ്എഫ്ഐ നീക്കം. ഇതിനെ വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

മലബാറിലടക്കം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടായ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ആദ്യം സമര രംഗതെത്തിയത് കെഎസ്‌യുവാണ്. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ചു. കെഎസ്‌യു പ്രതിഷേധത്തിനൊടുവിൽ സീറ്റുകളുടെ എണ്ണം സർക്കാർ വർധിപ്പിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോൾ അതുവരെ ഉറക്കം നടിച്ചിരുന്ന എസ്എഫ്ഐ, പൊടുന്നനെ സർക്കാരിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തുകയാണ്. ഇതിനെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

വിദ്യാർത്ഥികളുടെ ക്ഷേമവും ഉന്നമനവുമാണ് ലക്ഷ്യമെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കാതെ സമരം ചെയ്യാനും നിലപാടെടുക്കാനും കഴിയണം. അതിനുള്ള ധൈര്യം എസ്എഫ്ഐക്ക് ഉണ്ടെന്ന് കരുതുന്നില്ല. എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാടുകൾക്കുള്ള ഏറ്റവും ഒടുവിലത്തെ മറുപടിയാണ് കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഫലമെന്നും അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.