തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ ടെം സ്പീക്കർ ആക്കാൻ തയാറാവാത്ത നടപടി മോദി സർക്കാരിന്റെ ഏകാധിപത്യ സ്വഭാവം തുറന്നുകാട്ടുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഏറ്റവും യോഗ്യനായ ഒരു വ്യക്തിയെ മാറ്റി നിർത്തി ഇഷ്ടക്കാരനായ ഒരാളെ പ്രോ ടെം സ്പീക്കർ ആക്കിയത് മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ട് തുടങ്ങി എന്നതിന്റെ തെളിവാണ്. എട്ടു തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷാണ് പ്രോ ടെം സ്പീക്കറാവാൻ ഏറ്റവും യോഗ്യൻ. പിന്നാക്ക വിഭാഗത്തിൽപ്പെട്ട നേതാവെന്ന പ്രത്യേകതയുമുണ്ട്. പിന്നാക്കകാരുടെ സർക്കാരെന്ന് വീമ്പിളക്കുന്ന മോദി സർക്കാരിന്റെ യഥാർത്ഥ ഫാസിസ്റ്റ് മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.