കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ തെളിവ് കണ്ടെത്താനാവാതെ പോലീസ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്‍റെ അയൽവാസി സീനയുടെ വെളിപ്പെടുത്തലില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റിയതായുള്ള സീനയുടെ വെളിപ്പെടുത്തലില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് എരഞ്ഞോളിയിലെ ആൾ താമസമില്ലാത്ത വീടിന്‍റെ പരിസരത്ത് ബോംബ് പൊട്ടി വേലായുധൻ എന്ന വയോധികൻ മരിച്ചത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്ന് പോലീസ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. വീടിന്‍റെ
പരിസരത്ത് ബോംബ് എങ്ങനെ എത്തിയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. എന്നാൽ ബോംബിന്‍റെ ഉറവിടം കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് ഇടയിലാണ് പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട് എന്ന വെളിപെടുത്തലുമായി ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധന്‍റെ അയൽവാസി സീന രംഗത്ത് വന്നത്.
തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോബുകൾ കണ്ടെടുത്തിട്ടുണ്ട്. പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി എന്നായിരുന്നു സീനയുടെ വെളിപ്പെടുത്തൽ. സീനയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ഇതു സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സീനയെ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു. സീനയുടെ വെളിപ്പെടുത്തൽ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്. ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രസ്താവന ഇറക്കിയ സിപിഎം ജില്ല സെക്രട്ടറി സീനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.