മലപ്പുറം: മലപ്പുറത്ത് വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസുകാരന്‍റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്‌തേഷ്യ മരണകാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ട്.
കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് 4 വയസുകാരൻ മുഹമ്മദ് ഷാനിലിനെ രക്ഷിതാക്കൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്‍റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വൈകീട്ട് നാലരയോടെ കുട്ടിയെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ കുഞ്ഞ് മരിച്ചു. വായിലെ മുറിവ് മരണ കാരണമാകാവുന്ന തരത്തിലുള്ളതായിരുന്നില്ല. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും അന്നുതന്നെ രംഗത്തെത്തിയിരുന്നു.
അനസ്തേഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് അന്ന് ബന്ധുക്കൾ ആരോപിച്ചു. സംശയം ശരിവക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനസ്‌തേഷ്യ മരണകാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണത്തിന് കാരണമാവുന്ന മുറിവല്ല വായിലുള്ളത്. അനസ്‌തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും സംഭവത്തിൽ ആശുപത്രിക്കെതിരെയും ഡോക്ടർക്കെതിരെയും കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.