തെലങ്കാനയില്‍ പശുക്കടത്ത് ആരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം; 13 ബിജെപി നേതാക്കള്‍ അറസ്റ്റില്‍, സ്ഥലത്ത് നിരോധനാജ്ഞ

Jaihind Webdesk
Monday, June 17, 2024

 

ഹെെദരാബാദ്: തെലങ്കാനയിലെ മേദക്കില്‍ പശുക്കടത്ത് ആരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഘോഷമഹല്‍ എംഎല്‍എ രാജാസിംഗ് അടക്കം 13 ബിജെപി യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്തു.

പശുക്കടത്ത് ആരോപിച്ച് ആറ് യുവാക്കളെ കഴിഞ്ഞ ദിവസം അതിക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപിയുടേയും തീവ്ര ഹിന്ദു സംഘടനകളുടേയും പ്രവര്‍ത്തകരാണ് പശുക്കടത്ത് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചത്. ഇതില്‍ ഒരാളെ ചികിത്സയ്ക്ക് എത്തിച്ച സ്വകാര്യ ആശുപത്രിക്ക് നേരേയും ആക്രമണമുണ്ടായി. 200ലധികം വരുന്ന അക്രമി സംഘം ആശുപത്രി പൂര്‍ണ്ണമായും തല്ലിതകര്‍ത്തു.

അടിയന്തിര ചികിത്സ നല്‍കിയ ഡോക്ടറുടെ വാഹനവും തല്ലിതകര്‍ത്തു. പരുക്കേറ്റ് വരുന്നവരുടെ മതം നോക്കിയല്ല തങ്ങള്‍ ചികിത്സ നല്‍കുന്നതെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞ ഡോക്ടറുടെ വീഡിയോയും പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ മേദക് ഠൗണിലെ ഒരുവിഭാഗത്തിന്‍റെ കടകള്‍ക്ക് നേരെ ബി.ജെ.പി ജില്ലാഘടകം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് കലാപം നടത്തിയ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തീവ്രപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധിനേടിയ രാജാസിംഗ് മേദക്കിലേക്ക് എത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്തത്.