തിരുവനന്തപുരം: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാനിലും ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷം. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ ബലിപെരുന്നാള്‍ ആഘോഷിച്ചു. നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും ബലിപെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഈദ്ഗാഹിലെ നമസ്കാരത്തിന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി നേതൃത്വം നല്‍കും.
ഇസ്ലാമിലെ രണ്ടു പെരുന്നാളുകളും രണ്ടു ആരാധനകളോട് അനുബന്ധിച്ചാണ് വരുന്നത്. ഈദുല്‍ ഫിത്തര്‍ നോമ്പിനോട് അനുബന്ധിച്ചാണെങ്കില്‍ ബലിപെരുന്നാള്‍ ഹജ്ജിനോട് അനുബന്ധമായാണ് വരുന്നത്. സഹജീവികളോടുള്ള സ്നേഹത്തിന്റെയും ത്യാഗ സമര്‍പ്പണത്തിന്റെയും ഓര്‍മകളുണര്‍ത്തുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുളള വിശ്വാസികള്‍.
വളരെക്കാലം മക്കള്‍ ഇല്ലാതിരുന്ന പ്രവാചകനായ ഇബ്രാഹിം നബി പിന്നീട് ജനിച്ച പുത്രന് ഇസ്മായിലിനെ ദൈവകല്പന അനുസരിച്ച് ബലികൊടുക്കാന്‍ തീരുമാനിക്കുന്നു. ബലി നല്കാനൊരുങ്ങുന്ന സമയത്ത് ദൈവദൂതന് വരികയും ഇസ്മായിലിന്റെ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. അതിലൂടെ ദൈവ പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്യുന്നു. ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യബലി ദൈവഹിതമല്ലെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നല്‍കുന്നത്. ബലി പെരുന്നാള്‍ ദിനമായ നാളെ വിവിധ മുസ്ലിം ആരാധനാലയങ്ങളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്കാരവും നടക്കും.