തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായികൾ വിട്ടുനിന്നതോടെ നിറംമങ്ങി ലോക കേരള സഭ. എം. എ. യൂസഫലിയും , ഡോ.ബി.രവി പിള്ളയും, ആസാദ് മൂപ്പനും ഉൾപ്പെടെയുള്ള പ്രമുഖരാരും ഇക്കുറി ലോക കേരള സഭയിൽ എത്തിയില്ല. ലോക കേരള സഭയിൽ പങ്കെടുക്കുന്നവരുടെ പൂർണ്ണ വിവരങ്ങളും സർക്കാർ ഇനിയും പുറത്ത് വിട്ടിട്ടില്ല. മൂന്നു കോടിയിലേറെ രൂപ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭയിൽ പതിവ് ചർച്ചകൾക്ക് ഉപരിയായി പ്രവാസികൾക്കോ കേരളത്തിനോ ഗുണം ചെയ്യുന്ന കാര്യമായ പദ്ധതികളോ തീരുമാനങ്ങളോ ഒന്നും രൂപപ്പെട്ടിട്ടില്ല. വിവാദങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും നടുവിൽ നടക്കുന്ന ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്ന് സമാപിക്കും.
കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബഹിഷ്കരിച്ച സമ്മേളനത്തില്‍ പതിവ് ചര്‍ച്ചകള്‍ മാത്രമാണ് ആദ്യദിനം നടന്നത്. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയതെങ്കിലും ഇപ്പോള്‍ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്ന ചോദ്യം പലവഴിക്ക് ഉയര്‍ന്നിട്ടുണ്ട്. പ്രധാനികളായ ചില പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടില്ല. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് കൂടിയായ എം.എ. യൂസഫലിയും പങ്കെടുക്കുന്നില്ല.