ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. മണ്ഡലത്തിലെ സാന്നിധ്യവും പ്രവർത്തനവും കൂടുതല്‍ ശക്തമാക്കണമെന്ന് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണു വിശദീകരണം. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ച് ഉപദേശിച്ചത്.
‘‘ ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാൻ അദ്ദേഹം (അമിത് ഷാ) എന്നെ വിളിച്ചു. വിശദീകരിക്കാനൊരുങ്ങിയപ്പോള്‍, സമയക്കുറവ് കാരണം, രാഷ്ട്രീയ പ്രവർത്തനം കൂടുതല്‍ ഊർജിതമായി നിർവഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അനാവശ്യ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്’’– തമിഴിസൈ സൗന്ദരരാജന്‍ എക്സിൽ കുറിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ തോൽവിക്കു പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമിത് ഷാ ശാസിച്ചു എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു. വേദിയിലേക്കു കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ അടുക്കലേക്ക് വിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. അമിത് ഷായുടെ മുഖഭാവത്തില്‍ നിന്നു തന്നെ ഉപദേശമല്ല എന്നതു വ്യക്തമാണ്. ശാസിച്ചു എന്ന വാർത്തകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തമിഴിസൈ വിശദീകരണവുമായി രംഗത്തെത്തിയത്.
Yesterday as I met our Honorable Home Minister Sri @AmitShah ji in AP for the first time after the 2024 Elections he called me to ask about post poll followup and the challenges faced.. As i was eloborating,due to paucity of time with utmost concern he
adviced to carry out the…— Dr Tamilisai Soundararajan (மோடியின் குடும்பம்) (@DrTamilisai4BJP) June 13, 2024