ബാര്‍കോഴ വിവാദം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ച്; പ്രവർത്തകരിൽ പലർക്കും പരിക്ക്

Jaihind Webdesk
Thursday, June 13, 2024

 

കോട്ടയം: ബാർകോഴ വിഷയത്തിൽ മന്ത്രിമാരായ എം.ബി. രാജേഷിന്‍റെയും, മുഹമ്മദ് റിയാസിന്‍റെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കോട്ടയം കലക്ടറേറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടന്നത്. മാർച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു, ഇതിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കറിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടന്നത്. ബാർകോഴ വിഷയത്തിൽ ആരോപണ വിധേയരായ മന്ത്രിമാർ രാജിവെയ്ക്കണം എന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കർ പ്രതിഷേധ യോഗത്തിന് അധ്യക്ഷത വഹിച്ചു.

സമാധാനപരമായി നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആറു തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ പലർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കുറിച്ചി നിയോജകമണ്ഡലം പ്രസിഡന്‍റ് നിജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കറിനും പോലീസിന്‍റെ ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെയായിരുന്നു പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിനു മുമ്പിലുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷ് മോൻ, സുബിൻ തോമസ്, രാഹുൽ മറിയപ്പള്ളി, പി.കെ. വൈശാഖ് അടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.