തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യമാണ് ഇന്ന് കോടതി പരിശോധിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച് വാദപ്രതിവാദമുണ്ടാകും. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു.