ബാർ കോഴ പണപ്പിരിവ്: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരത്തേ പരാതി ലഭിച്ചിരുന്നു, തുടർനടപടി ഉണ്ടായില്ല; രേഖകള്‍ പുറത്ത്

Jaihind Webdesk
Thursday, June 13, 2024

 

തിരുവനന്തപുരം: ബാർ കോഴ പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരത്തെ പരാതി ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു വിഭാഗം ബാറുമകൾ പണപ്പിരിവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയുടെ പകർപ്പാണ് പുറത്തുവന്നത്. എക്സൈസിലെ വിജിലൻസ് വിഭാഗത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൈമാറിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വിവാദ ശബ്ദരേഖ പുറത്തുവന്നതോടെയാണ് പിന്നീട് അന്വേഷണം ആരംഭിച്ചത്. ബാർ കോഴയിൽ ഒന്നാം ഘട്ട പണപ്പിരിവ് തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നടന്നിരുന്നതായ പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് പുതിയ വിവരം.

ബാർ കോഴ വിവാദം ആളിക്കത്തുന്നതിനിടയിലാണ് പണപ്പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരത്തെ തന്നെ അറിവ് ലഭിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നത്. ഒരു വിഭാഗം ബാറുമകൾ പണപ്പിരിവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി എക്സൈസിലെ വിജിലൻസ് വിഭാഗത്തിന് കൈമാറിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വിശദമായി അന്വേഷിക്കുവാൻ നിർദ്ദേശിക്കുകയോ എക്സൈസ് വിജിലൻസ് വകുപ്പ് കാര്യമായ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബാർകോഴയിലേക്ക് വ്യക്തമായ സൂചന നൽകുന്ന
വിവാദ ശബ്ദരേഖ പുറത്തുവന്നതോടെയാണ് പിന്നീട് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഈ അന്വേഷണവും എങ്ങും എത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ബാർകോഴയിൽ ഒന്നാം ഘട്ട പണപ്പിരിവ് തിരിഞ്ഞെടുപ്പിന് മുമ്പു തന്നെ നടന്നിരുന്നതായ പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതി ഊട്ടി ഉറപ്പിക്കുകയാണ്. ബാർ കോഴവിവാദം നിയമസഭയ്ക്ക് അകത്തും പുറത്തും ആളിക്കത്തുന്നതിനിടയിലാണ് പുതിയ ആരോപണങ്ങൾ കൂടി പുറത്തുവന്നത്. ടൂറിസം, എക്സൈസ് മന്ത്രിമാർ പ്രതിക്കൂട്ടിലായ ബാർ കോഴയിൽ വിജിലൻസ്, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ കോഴ ആരോപണത്തിൽ നിന്ന് മുഖം രക്ഷിക്കുവാൻ പുതിയ മദ്യനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് കോഴ പിരിവ് സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നു എന്ന രേഖകൾ ബാർ കോഴ വിവാദത്തെ കൂടുതൽ ദുരൂഹമാക്കുകയാണ്.