‘മോദിയുടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയത്തിന് ജനം മറുപടി നല്‍കി, ‘ഇന്ത്യ’ ഒറ്റക്കെട്ടായി പോരാടി’; റായ്ബറേലിക്ക് നന്ദി പറഞ്ഞ് രാഹുല്‍

Jaihind Webdesk
Tuesday, June 11, 2024

 

റായ്ബറേലി/ഉത്തർപ്രദേശ്: ഇന്ത്യാ മുന്നണിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. തന്‍റെ മണ്ഡലമായ റായ്ബറേലിയില്‍ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. മോദിയുടെ വെറുപ്പിന്‍റെ പ്രചാരണത്തിന് എതിരെയാണ് രാജ്യത്തെ ജനങ്ങൾ വോട്ട് ചെയ്തതെന്നും ഒറ്റക്കെട്ടായി പോരാടി നേടിയ വിജയമാണിതെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, ഉജ്ജ്വലവിജയത്തിലൂടെ അമേഠി മണ്ഡലം  തിരിച്ചുപിടിച്ച കിഷോരി ലാല്‍ ശർമ്മ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

സംസ്ഥാനത്ത് മാത്രമല്ല രാജ്യമൊട്ടാകെ കോൺഗ്രസും ഇന്ത്യാ സഖ്യവും ഒറ്റക്കെട്ടായി പോരാടി. ഭരണഘടനയെ തൊട്ടുകളിച്ചാൽ അത് നല്ലതല്ല എന്ന സന്ദേശമാണ് പൊതുജനം പ്രധാനമന്ത്രിക്ക് നൽകിയത്. എസ്പി-കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് പോരാടി. മികച്ച വിജയം നൽകിയതിന് റായ്ബറേലിയിലെ ജനങ്ങളോട് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. മികച്ച വിജയത്തിനായി പ്രവര്‍ത്തിച്ച പ്രിയങ്കാ ഗാന്ധിയെ രാഹുല്‍ അഭിനന്ദിച്ചു.

“വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത്. അതിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തന്നെ മറുപടി നൽകി. നരേന്ദ്ര മോദി ഭരണഘടന നെറ്റിയിൽ ചേർത്തു പിടിച്ചിരിക്കുന്ന ഫോട്ടോ നമ്മൾ കണ്ടു. ഭരണഘടനയെ തൊട്ടുകളിച്ചാൽ നല്ലതല്ലെന്ന സന്ദേശമാണ് പൊതുസമൂഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് നൽകിയത്.” – രാഹുല്‍ ഗാന്ധി പറഞ്ഞു.  അയോധ്യ സീറ്റ് തോറ്റു. വാരണാസിയിൽ പ്രധാനമന്ത്രി ജീവൻ രക്ഷിച്ചു. പ്രിയങ്കാ ഗാന്ധി അവിടെ മത്സരിച്ചിരുന്നുവെങ്കിൽ മോദി 3 ലക്ഷം വോട്ടിന് തോറ്റേനേ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന നേതാക്കൾക്കും സമാജ്‌വാദി പാർട്ടിക്കും രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.

ഏറ്റവും വിഷമകരമായ സാഹചര്യത്തിലാണ് ഇന്ത്യാ സഖ്യം പോരാടിയതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ തങ്ങൾ ഇവിടെ ഒരു സേന രൂപീകരിച്ചുവെന്നും റായ്ബറേലിയിലും അമേഠിയിലും ഈ സൈന്യം ചരിത്രവിജയം നേടിയെന്നും പ്രിയങ്ക പറഞ്ഞു. രാഹുലിന്‍റേത് ചരിത്രവിജയമാണെന്നും പ്രിയങ്കാ ഗാന്ധി വിശേഷിപ്പിച്ചു.

നേരത്തെ റായ്ബറേലിയിലെ ഫർസത്ഗഞ്ച് വിമാനത്താവളത്തിൽ എത്തിയ രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ സ്വീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, ഉത്തർപ്രദേശ് പിസിസി പ്രസിഡന്‍റ് അജയ് റായ്, അമേഠി എംപി കിഷോരി ലാൽ ശർമ്മ, നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോണ,  രാജ്യസഭാ എംപി പ്രമോദ് തിവാരി എന്നിവർ ചേർന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.