തിരുവനന്തപുരം: നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണെന്നും കൂടിയാലോചന നടത്തിയെന്ന തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ വാദം പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുമെന്നായിരുന്നു അജണ്ടയിലുണ്ടായിരുന്നത്. എന്നാല്‍ ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് പാസാക്കുകയായിരുന്നു. ഇത് ദൗര്‍ഭാഗ്യകരമായ നടപടിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
ബാർ കോഴയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകള്‍ പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ നടപടിക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തി സഭ പാസാക്കുകയുമായിരുന്നു. മോദി ശൈലിയിലാണ് കേരള നിയമസഭയില്‍ബില്‍ പാസാക്കിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയ്ക്ക് തന്നെ അപമാനകരമായ സംഭവമാണ് നടന്നതെന്നും ഇക്കാര്യത്തില്‍ സ്പീക്കര്‍ കൃത്യമായ റൂളിംഗ് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.