മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം: രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ തിരിക്കണം, ബിജെപിക്കെതിരെ വിമർശനവുമായി മോഹന്‍ ഭാഗവത്

Jaihind Webdesk
Tuesday, June 11, 2024

 

നാഗ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.  അഹങ്കാരവും അഹന്തയുമില്ലാതെ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജനങ്ങളെ സേവിക്കുന്നവരാണ് യഥാര്‍ഥ സ്വയം സേവകരെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയായ കാര്യകര്‍ത്ത വികാസ് വര്‍ഗിന്‍റെ സമാപനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

മണിപ്പൂരിലുണ്ടായ കലാപത്തില്‍ മോദി സര്‍ക്കാരിന്‍റെ വീഴ്ചയെ അദ്ദേഹം ആഞ്ഞടിച്ചു. മണിപ്പൂര്‍ ജനത ഒരു വര്‍ഷമായി സമാധാനത്തിനു വേണ്ടി കേഴുകയാണെന്നും മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കാണ് അതില്‍ ശ്രദ്ധ കൊടുക്കാന്‍ നേരമെന്ന് അദ്ദേഹം ചോദിച്ചു. എത്രയും വേഗം സംഘര്‍ഷം പരിഹരിക്കണം. മണിപ്പൂരിലെ വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‍കണം. തിരഞ്ഞെടുപ്പ് വാചാടോപങ്ങളെല്ലാം നിര്‍ത്തി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ തിരിക്കണമെന്നും മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.