ഗാസയിലെ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യുഎന്‍ രക്ഷാ സമിതി; സൈനിക പിന്മാറ്റവും പുനർനിർമാണവും പ്രമേയത്തിലെ ആവശ്യം

Jaihind Webdesk
Tuesday, June 11, 2024

 

 

ന്യൂയോർക്ക്: ഗാസയിലെ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യുഎന്‍ രക്ഷാ സമിതി. സമ്പൂര്‍ണ സൈനിക പിന്മാറ്റവും ഗാസയുടെ പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ വിട്ടുനിന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. മൂന്ന് ഘട്ടമായുള്ള പ്രമേയമാണ് ബൈഡന്‍ മുന്നോട്ട് വെച്ചത്. ആദ്യത്തെ ആറാഴ്ച വെടിനിര്‍ത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീന്‍ പൗരന്മാരെയും ഗാസയില്‍ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരില്‍ ചിലരെയും വിട്ടയക്കണമെന്നും രണ്ടാം ഘട്ടത്തിലെ സമ്പൂര്‍ണ വെടിനിര്‍ത്തലില്‍ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണമാണ് മൂന്നാം ഘട്ടം പ്രതിപാതിക്കുന്നത്.

നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം പ്രമേയത്തോട് ആദ്യം അനുകൂലമായി പ്രതികരിച്ച ഹമാസ് ഈ മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലും ഹമാസും എത്രയും വേഗം ഈ പ്രമേയത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉപാധികള്‍ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ വിട്ടുനിന്നു.