തിരുവനന്തപുരം: അഡ്വ. ഹാരിസ് ബീരാൻ മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർത്ഥി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.
തിരുവനന്തപുരത്ത് ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് അഡ്വ. ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ഐകകണ്ഠ്യേന തീരുമാനിച്ചത്. തീരുമാനം പിണക്കാട് സാദിഖലി തങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്‍റുമാണ് ഹാരിസ് ബീരാൻ. മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ബീരാന്‍റെ മകനാണ് ഹാരിസ്. കെഎംസിസി ഡല്‍ഹി ഘടകം അധ്യക്ഷന്‍റെ ചുമതല വഹിക്കുന്നുണ്ട്. പാർട്ടി ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പാർട്ടി അവസരം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് അഡ്വ. ഹാരീസ് ബീരാന് പാർട്ടി അവസരം നൽകിയതെന്ന് ദേശീയ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഖാദർ മൊയ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൾ വഹാബ്, മുനവറലി തങ്ങൾ തുടങ്ങിയവർ സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.