തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തർക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. തിങ്കളാഴ്ച യോഗം ചേർന്ന് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. സിപിഐയും കേരള കോൺഗ്രസ് എമ്മും ആർജെഡി യും രാജ്യസഭാ സീറ്റിനു വേണ്ടി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഉഭയകക്ഷി ചർച്ചകളും തുടരും.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യുന്നതിനായി രാവിലെ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടരുകയാണ്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവി സംബന്ധിച്ച് പ്രാഥമിക വിലയിരുത്തലാണ് യോഗത്തിൽ നടക്കുന്നത്. തൃശൂരിൽ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി ഡീൽ നടന്നെന്ന ശക്തമായ പ്രതിപക്ഷ ആരോപണത്തിൽ പാർട്ടി പ്രതിക്കൂട്ടിലായ സാഹചര്യവും യോഗം വിലയിരുത്തുന്നു. കനത്ത പരാജയം ഏൽപ്പിച്ച ആഘാതത്തെ കുറിച്ച് വിശദമായ ചർച്ചകൾ നടത്താൻ അഞ്ചു ദിവസത്തെ നേതൃയോഗവും സിപിഎം ചേരും.