ഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന് മർദനമേറ്റ സംഭവത്തിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്‌തു. വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനക്കിടെ കങ്കണയെ മുഖത്തടിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.
സംഭവത്തിൽ ഡൽഹി സിഐഎസ്എഫ് ആസ്ഥാനത്ത് ഉന്നത തല യോഗം ചേർന്നു. ഇതിനിടെ ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2020-21ൽ കർഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപക്ക് വിലക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്ന് കുൽവീന്ദർ കൗർ പറയുന്നത് വീഡിയോയിൽ കാണാം. കങ്കണ ഇത് പറയുമ്പോൾ തന്‍റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുൽവീന്ദർ പറയുന്നു. 100 രൂപ കൊടുത്താൽ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
2020 ഡിസംബറിൽ 100 രൂപ കൊടുത്താൽ കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആളുകൾ തയ്യാറാണെന്ന് കങ്കണ നടത്തിയ പ്രസ്താവനയിൽ താൻ അസ്വസ്ഥയായിരുന്നുവെന്നും കുൽവീന്ദർ പറയുന്നു. കുൽവീന്ദർ കൗറിന്‍റെ സഹോദരനും കർഷകനാണ്. കർഷകരെ ഖലിസ്ഥാനി തീവ്രവാദികളെന്ന് വിളിച്ചതിൽ പ്രതിഷേധിച്ചാണ് കങ്കണയെ മുഖത്തടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കുൽവീന്ദർ കൗറിനെതിരെ നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇതിനിടെ സംഭവത്തിൽ പ്രതികരിച്ച് കങ്കണ റണൗട്ട് എക്‌സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. താൻ സുരക്ഷിതയാണെന്നും പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ‘സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എന്‍റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകൾ പറയാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവർ കർഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബിൽ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടെന്നും കങ്കണ പറഞ്ഞു.