ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജുമായി സംസാരിച്ച് കെ.സി. വേണുഗോപാല്‍ എംപി. വിഷയത്തില്‍ അടിയന്തരമായി സർക്കാർ ഇടപെടണം. പരാതി പരിഹരിക്കാൻ ഉന്നതതല യോഗം വിളിക്കണമെന്നും ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
വണ്ടാനം സ്വദേശികളായ മനുവിന്‍റെയും സൗമ്യയുടെയും ഏഴു ദിവസം പ്രായമായ കുഞ്ഞാണ് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്ന് ആരോപിച്ച കുടുംബം, യുവതി വാര്‍ഡിൽ കിടന്നാണ് പ്രസവിച്ചതെന്നും പറഞ്ഞിരുന്നു. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി 12.30യോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. ഇതിന് പിന്നാലെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു.
തുടർച്ചയായി ചികിത്സാ പിഴവ് ആരോപണങ്ങൾ നേരിടുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. സമാനമായ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്‌തിരുന്നു. ഒന്നര മാസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് യുവതി മരണപ്പെട്ടത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഷിബിനയുടെ മരണം. മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പ്രസവത്തെ തുടർന്നായിരുന്നു ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് യുവതിയുടെ കരളിനെയടക്കം ബാധിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.