തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസന്. തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീൽ നടന്നു എന്ന് വ്യക്തമായി. ബിജെപിയിലേക്ക് വോട്ട് ചോർച്ചയുണ്ടായത് സിപിഎമ്മിൽ നിന്നാണെന്നും സ്വർണ്ണത്താലത്തിൽ വെച്ച് തൃശൂർ സീറ്റ് പിണറായി വിജയന് ബിജെപിക്ക് സമ്മാനിച്ചെന്നും ഹസന് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ തോൽവി സിപിഎം ആഴത്തിൽ പഠിക്കണം. ആലപ്പുഴ, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്ക് ലഭിച്ച വോട്ടുകൾ ചോർന്നത് സിപിഎമ്മിൽ നിന്നാണ്. വോട്ടുചോർച്ചയെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് സിപിഎം പരിശോധിക്കണം. തിരുവനന്തപുരത്തെ മതേതര വോട്ടർമാർ ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് സിപിഎം-ബിജെപി അന്തർധാര തലസ്ഥാനത്ത് പൊളിഞ്ഞതെന്നും എം.എം. ഹസന് ചൂണ്ടിക്കാട്ടി.
സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എം.എം. ഹസന് കുറ്റപ്പെടുത്തി. മോദി നടത്തിയതിന് സമാനമായ പ്രചാരണമാണ് പിണറായി വിജയനും നടത്തിയത്. ഇന്ത്യാ മുന്നണിയുടെ നീക്കങ്ങളെ കേരളത്തിലെ സിപിഎം
എതിർക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് സ്വാർത്ഥ താൽപര്യത്തോടെയാണ് പ്രവർത്തിച്ചതെന്നും
സീതാറാം യെച്ചൂരി നടത്തിയ പ്രചാരണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ പോലും പിണറായി തയാറായില്ലെന്നും എം.എം. ഹസന് പറഞ്ഞു. വടകരയിൽ വർഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം കരുതിക്കൂട്ടി നീക്കങ്ങൾ നടത്തി.
ബാർകോഴയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പന്ത്രണ്ടാം തീയതി യുഡിഎഫ് നിയമസഭാ മാർച്ച് നടത്തുമെന്നും എം.എം. ഹസന് പറഞ്ഞു.