ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയിലേക്ക് സിപിഎം വോട്ടൊഴുക്ക്; ‘ഡീല്‍’ വ്യക്തമാക്കി കണക്കുകള്‍

Jaihind Webdesk
Thursday, June 6, 2024

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഔദ്യോഗിക ചിത്രം പരിശോധിക്കുമ്പോള്‍ തെളിയുന്നത് സിപിഎം-ബിജെപി ഡീല്‍. ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചതിനു പിന്നില്‍ സിപിഎമ്മിന്‍റെ നിർലോഭമായ സഹകരണമുണ്ടായെന്ന് വോട്ട് ഷെയർ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തിന് കാരണമായ വോട്ടുകള്‍ സിപിഎമ്മില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ  കോണ്‍ഗ്രസിനെ പഴിചാരി തടിയൂരാനുള്ള സിപിഎം ശ്രമവും പൊളിഞ്ഞു. അതേസമയം കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചരടുവലികള്‍ നടന്നെന്ന ആരോപണം പാർട്ടിക്കുള്ളിലും കലാപക്കൊടി ഉയർത്തുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോല്‍ സംസ്ഥാനത്ത് സിപിഎമ്മിന് ലഭിച്ചത് ആകെ ലഭിച്ചത് ഒരു സീറ്റ്. ഒപ്പം ബിജെപിയും കേരളത്തില്‍ അക്കൗണ്ട് തുറന്നു. ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ വിഷയങ്ങള്‍ കൊണ്ട് വിവാദങ്ങളില്‍ ഇടംപിടിച്ച തൃശൂർ സീറ്റ്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് 5 ലക്ഷത്തിലേറെ വോട്ടുകളാണ് കൂടിയത്. വോട്ട് വിഹിതത്തിലെ വർധന 3.68 ശതമാനം. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും സിപിഎം വോട്ടുകള്‍ ചോർന്നതിന്‍റെ കണക്കുകളാണ് ഇതോടൊപ്പം ചേർത്തുവായിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയ വോട്ടിന്‍റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ഏഴു മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു. അന്ന് എല്‍ഡിഎഫ് നേടിയത് 4,85,117 വോട്ടുകള്‍, ബിജെപിക്ക് ലഭിച്ചതാവട്ടെ 2,07,906 വോട്ടുകള്‍. ഈ പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇങ്ങനെ. ബിജെപി – 4,12,338, യുഡിഎഫ് – 3,52,788, എല്‍ഡിഎഫ് – 2,37,652. അതായത് ഇടതുമുന്നണിക്ക് 1,47,465 വോട്ടുകളുടെ കുറവ്. അതേസമയം യുഡിഎഫിന് കുറഞ്ഞത് 24,664 വോട്ടുകള്‍ മാത്രമാണ്. ഇതോടെ തൃശൂരിലെ സിപിഎം-ബിജെപി ഡീല്‍ വ്യക്തമായിരിക്കുകയാണ്.

സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. ഇതില്‍ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് ഇവിടുത്തെ കണക്കുകള്‍. തിരുവനന്തപുരത്ത് പ്രമുഖ സിപിഎം നേതാക്കള്‍ തന്നെ വോട്ട് മറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പാർട്ടി അണികള്‍ തന്നെ പങ്കുവെക്കുന്നുണ്ട്. മന്ത്രി വി. ശിവന്‍കുട്ടിയുടെ നേമം മണ്ഡലത്തില്‍ 67,227 വോട്ടുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫിന് കിട്ടിയത് 33,322 വോട്ടുകള്‍. കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലമായ കഴക്കൂട്ടത്തും വി.കെ. പ്രശാന്ത് എംഎല്‍എയുടെ മണ്ഡലമായ വട്ടിയൂർക്കാവിലും ബിജെപി മുന്നിലെത്തി. ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർത്ഥി വി. ജോയിയുടെ മണ്ഡലത്തിലും ഐ.ബി. സതീഷ് എംഎല്‍എയുടെ മണ്ഡലമായ കാട്ടാക്കടയിലും ബിജെപി നേട്ടമുണ്ടാക്കി. ആലപ്പുഴയില്‍ സിപിഎം കേഡർ വോട്ടുകളും ചോർന്നെന്നാണ് സൂചന. പാലക്കാടും പത്തനംതിട്ടയിലും ബിജെപി 25 ശതമാനത്തോളം വോട്ടുകള്‍ നേടി. കണക്കുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് സിപിഎം-ബിജെപി ഡീലിലേക്ക് തന്നെയാണ്.

ഏറെ വിവാദം സൃഷ്ടിച്ച ചില കൂടിക്കാഴ്ചകളും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഡീല്‍ ഉറപ്പിക്കലായിരുന്നു എന്ന ആരോപണം തിരഞ്ഞെടുപ്പിനു മുമ്പ് ഉയർന്ന ഏറ്റവും ശക്തമായ ആരോപണമായിരുന്നു. പിണറായി സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന കേസുകളില്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും ആരോപണം ഉയർന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃശൂരിലെ ബിജെപി വിജയം ഈ ഡീലിന്‍റെ ഭാഗമാണെന്ന് വ്യക്തമാക്കി ദല്ലാള്‍ നന്ദകുമാർ വീണ്ടും രംഗത്തെത്തുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും സംസ്ഥാനത്തെ സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.