ലോക്സഭ തിരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് കാലിടറി; പരാജയം വിലയിരുത്തുവാന്‍ സിപിഎം നേതൃയോഗം

Jaihind Webdesk
Wednesday, June 5, 2024

 

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിച്ച കേരളത്തില്‍ മന്ത്രിമാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് കാലിടറി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളിലാണ് യുഡിഎഫ് തേരോട്ടമുണ്ടായത്.  എല്‍ഡിഎഫിന് മുന്നിലെത്താനായത് കേവലം 19 മണ്ഡലങ്ങളില്‍ മാത്രം.  ബിജെപിക്ക് വേരോട്ടമുണ്ടാക്കുവാന്‍ സഹായകരമാകുന്ന അപകടകരമായ നിലപാട് സിപിഎം സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനം ശരിവയ്ക്കുന്ന നിലയില്‍ 11 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലെത്തിയത്. കനത്ത തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുവാന്‍ സിപിഎം അഞ്ചു ദിവസത്തെ നേതൃയോഗം വിളിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവും ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് ഇക്കുറി പ്രചരണം കൊഴുപ്പിച്ചത്. ,ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും മുഖ്യമന്ത്രിയുടെയും മകളുടെയും മാസപ്പടി വിവാദവും കരുവന്നൂര്‍ കണ്ടല സഹകരണ തട്ടിപ്പ് ഉള്‍പ്പെടെ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിക്കുകയായിരുന്നു. ചേരിതിരിവും ഭിന്നിപ്പും സൃഷ്ടിച്ച് കപട വാദങ്ങള്‍ നിരത്തി ന്യൂനപക്ഷ വോട്ടുകള്‍ നേടുവാനുള്ള മുഖ്യമന്ത്രിയുടെയും  സിപിഎമ്മിന്‍റെയും വില കുറഞ്ഞ രാഷ്ട്രീയ തന്ത്രത്തിനും തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയായി.

ബിജെപിക്ക് വേരോട്ടമുണ്ടാക്കുവാന്‍ സഹായകരമാകുന്ന അപകടകരമായ രാഷ്ട്രീയം സിപിഎം സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനം ശരിവയ്ക്കുന്ന നിലയില്‍ 11 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലെത്തിയത്. കേന്ദ്ര ഏജന്‍സികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുവാനുള്ള തന്ത്രഭാഗമായ ബിജെപി സിപിഎം അന്തര്‍ധാരയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ബിജെപിയുടെ മുന്നേറ്റം. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പ്രതികരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കനത്ത തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുവാന്‍ സിപിഎം അഞ്ചു ദിവസത്തെ നേതൃയോഗം വിളിച്ചു. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രാഥമിക വിലയിരുത്തല്‍ നടത്തും. തുടര്‍ന്ന് അഞ്ചു ദിവസത്തെ നേതൃയോഗം ചേരും.
മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും.