തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന; പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കി, വീഴ്ച പരിശോധിക്കും: വി.ഡി. സതീശൻ

Jaihind Webdesk
Tuesday, June 4, 2024

 

തിരുവനന്തപുരം: തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  തൃശൂരില്‍ സംഭവിച്ചത് അപ്രതീക്ഷിത തോൽവി. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്.  തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും.  ബിജെപിയും സിപിഎമ്മും തമ്മിൽ ഒരു അവിഹിതമായ ഗൂഢ ബന്ധം തൃശൂരിൽ ഉണ്ടായി എന്ന് തന്നെ സംശയിക്കുന്നു. അതേസമയം  മുഖ്യമന്ത്രിയുടെ സിഎഎ പ്രചരണം ഏറ്റില്ലെന്നും പിണറായി വിജയൻ മുസ്‌ലിംവിഭാഗത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രകാശ് ജാവദേക്കർ എന്തിനാണ് എൽഡിഎഫ് കൺവീനർ, മുഖ്യമന്ത്രിയുമായി നിരന്തര കൂടിക്കാഴ്ച നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല.

അതേസമയം യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും ഐക്യത്തിന്‍റെ വിജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണെന്നും സർക്കാരിന്‍റെ ദുശ് ചെയ്തികൾക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ഒരുക്കി കൊടുത്തുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഇത്രയും ദയനീയ പരാജയം ഉണ്ടായ സാഹചര്യത്തിൽ സിപിഎം ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.