തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കെ. മുരളീധരൻ. കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റുകളും നേടും. തൃശൂരില്‍ യുഡിഎഫ് മികച്ച വിജയം നേടും. തൃശൂരിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നാളെ രാത്രിവരെ ബിജെപിക്ക് പ്രതീക്ഷയുണ്ടാകുമെന്നും ജൂൺ നാലിന് വോട്ടെണ്ണല്‍ തുടങ്ങുമ്പോൾ ആ പ്രതീക്ഷ തീരുമെന്നും കെ. മുരളീധരന് പറഞ്ഞു. തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വരില്ല. അങ്ങനെ സംഭവിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. മോദിക്ക് വേണ്ടി കൈ പൊക്കാൻ കേരളത്തിൽ നിന്ന് ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ല. കോൺഗ്രസിന്റെ കണക്കുകൂട്ടലിൽ ബിജെപി മൂന്നാം സ്ഥാനത്താണെന്നും കെ. മുരളീധരന് പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല. കേരളത്തില്‍ മൂന്നു സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടുമെന്നാണ് പ്രവചനം. ഇത് ബിജെപി നേതാക്കളുടെ പോലും കണ്ണു തള്ളിക്കുന്നതാണെന്നും കെ. മുരളീധരന് പരിഹസിച്ചു.