കല്‍പ്പറ്റ: വയനാട്ടിൽ വൻ ലഹരിമരുന്ന് വേട്ട. സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ (MDMA) പിടികൂടി. സംഭവത്തിൽ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളായ കണ്ണൂർ, കോഴിക്കോട് സ്വദേശികൾ പോലീസിന്റെ പിടിയിലായി.
മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്ക്വാഡ് – ഡാൻസാഫ് (DANSAF) ടീമും മീനങ്ങാടി പോലീസും നടത്തിയ വാഹന പരിശോധനയിലാണ് കണ്ണൂർ കാടാച്ചിറ സ്വദേശി വാഴയിൽ സുഹൈർ പിടിയിലായത്. 118 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മാർക്കറ്റിൽ മൂന്നു ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് ഇത്.
സുഹൈർ സ്ഥിരമായി എംഡിഎംഎ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മീനങ്ങാടി പോലീസ് പറഞ്ഞു. കൂട്ടുപ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ഉബൈദ് പിടിയിലായത്. ലഹരി വിൽപ്പന സംഘത്തിലെ കണ്ണികൾ മാത്രമാണ് ഇവരെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും പോലീസ് അറിയിച്ചു.