103 കോടി രൂപയുടെ ക്രമക്കേട്; സിഎംആർഎല്ലിനെ പ്രതിക്കൂട്ടിലാക്കി ആർഒസി റിപ്പോർട്ട്

Jaihind Webdesk
Saturday, June 1, 2024

 

തിരുവനന്തപുരം: 103 കോടി രൂപയുടെ കൃത്രിമ ഇടപാടുകൾ സിഎംആർഎല്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനു (എസ്എഫ്ഐഒ) വേണ്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കെതിരെയാണ് സിഎംആർഎല്ലിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് ആർഒസി നൽകിയിരിക്കുന്നത്.

സിഎംആർഎൽ-എക്സാലോജിക് പണമിടപാടിലെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ആർഒസി, സിഎംആർഎല്ലിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത്. 103 കോടി രൂപയുടെ ക്രമക്കേടുകൾ സിഎംആർഎല്‍ നടത്തിയിട്ടുണ്ടെന്നാണ് ആർഒസി കണ്ടെത്തിയിരിക്കുന്നത്. 2012 മുതൽ 19 വരെ 103 കോടി രൂപയുടെ കൃത്രിമ ഇടപാടുകൾ നടന്നതായാണ് കണ്ടെത്തല്‍. ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ആർഒസി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ എസ്എഫ്ഐ ഒ അന്വേഷണം അനിവാര്യമാണെന്നാണ് ആർഒസി ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. എസ്എഫ്ഐ അന്വേഷണത്തിനെതിരെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിസി നൽകിയ ഹർജിക്കെതിരെ കേരള ഹൈക്കോടതിയും കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലാണ് സിഎംആർഎൽ രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് തങ്ങൾക്കെതിരെ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനനെതിരെയാണ് സിഎംആര്‍എല്ലിനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ റിപ്പോർട്ട് എസ്എഫ്ഐഒയ്ക്കു വേണ്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് ഡൽഹി ഹൈക്കോടതിൽ നൽകിയിരിക്കുന്നത്.