ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണയെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Friday, May 31, 2024

 

ബംഗളുരു: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ബംഗളുരു കോടതി ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ജൂൺ 6 വരെയാണ്  പ്രത്യേക അന്വേഷണസംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച അർധരാത്രി മ്യൂണിച്ചില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാണ് പ്രജ്വൽ രേവണ്ണക്കെതിരായ കേസ്. ചോദ്യം ചെയ്യലിലൂടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ ഉൾപ്പെടെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പീഡന ദൃശ്യങ്ങളിലെ ഇരകളായ ചില സ്ത്രീകളെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. പ്രജ്വലിനെ വിദേശത്തേക്ക് കടക്കാൻ
സഹായിച്ചവരിലേക്കും അന്വേഷണം നീങ്ങും.

കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയായ പ്രജ്വൽ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് രാജ്യം വിട്ടത്. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസിൽ 8 ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48നാണ് ബംഗളുരുവിൽ ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്തത്. നേരത്തേ തന്നെ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു.

വീട്ടുജോലിക്കാർ മുതൽ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്‍റേതായി പുറത്തുവന്നത്. പ്രജ്വലിന്‍റെ അശ്ലീല ദൃശ്യങ്ങളുടെ പെൻ ഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി. രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റത്തിനും ഈ മാസം ആദ്യം പ്രജ്വലിന്‍റെ പിതാവ് എച്ച്‌.ഡി. രേവണ്ണയും അറസ്റ്റിലായിരുന്നു.