പേവിഷബാധയേറ്റ് 8 വയസുകാരന്‍റെ മരണം; ഹരിപ്പാട് താലൂക്ക് ആശുപത്രി ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കുടുംബം

Jaihind Webdesk
Friday, May 31, 2024

 

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ് 8 വയസുകാരൻ ദേവനാരായണൻ മരിച്ച സംഭവത്തില്‍ ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടായെന്ന ആരോപണവുമായി കുടുംബം. നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. വേണ്ട ചികിത്സയോ പരിശോധനകളോ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ലഭ്യമാക്കിയില്ല. കഴിഞ്ഞ ഏപ്രിൽ 21-നാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. പേവിഷബാധ മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കുട്ടി മരിച്ചിരുന്നു. എന്നാൽ ആരോപണം ആശുപത്രി നിഷേധിച്ചു.

അനുജത്തിയുടെ കൂട്ടുകാരനെ തെരുവുനായ ആക്രമിക്കാൻ എത്തിയപ്പോഴാണ് ദേവനാരായണൻ നായയെ പന്തു കൊണ്ട് എറിഞ്ഞത്. തുടര്‍ന്ന് ദേവനാരായണന്‍റെ നേര്‍ക്ക് നായ ചാടി വീഴുകയും നായയില്‍ നിന്ന് രക്ഷപെടാനായി കുട്ടി ഓടുന്നതിനിടെ ഓടയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിവരങ്ങളെല്ലാം പറഞ്ഞ് വീട്ടുകാർ ദേവനാരായണനെ അന്നുതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ നായ കടിച്ചതിന്‍റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പാടുകള്‍ക്ക് മരുന്ന് വെച്ചതിന് ശേഷം ആശുപത്രിയിൽ നിന്നും വിട്ടയക്കുകയായിരുന്നു എന്ന് ദേവനാരായണന്‍റെ മുത്തശി പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസതടസവും ശാരീരിക അസ്വസ്ഥതകളും നേരിട്ട ദേവനാരായണനെ വ്യാഴാഴ്ച പുലർച്ചെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ച് പേവിഷബാധ സ്ഥിരീകരിച്ചു. രോഗം മൂർഛിച്ചു രാവിലെ 11.45 ഓടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. കുട്ടിയെ കൊണ്ടുവന്നത് വീണ് പരിക്കേറ്റു എന്ന നിലയിലാണെന്നും നായയുടെ കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുനിലിന്‍റെ വിശദീകരണം. അതുകൊണ്ടാണ് മറ്റു പരിശോധനകളോ വാക്സിനോ നൽകാതിരുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. അതേസമയം ആശുപത്രി അനാസ്ഥയ്ക്കെതിരെ ആരോഗ്യമന്ത്രിക്കും ശിശുക്ഷേമ സമിതിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ദേവനാരായണന്‍റെ കുടുംബം.