ബംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. 33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്നു പ്രജ്വല്‍. അതേസമയം പ്രജ്വലിന്റെ ജാമ്യാപേക്ഷ ഇന്ന് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ലുഫ്താൻസ വിമാനത്തിലായിരുന്നു പ്രജ്വല്‍ മടങ്ങിയെത്തിയത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. പ്രജ്വൽ രേവണ്ണയെ ഇന്ന് 10 മണിക്ക് നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ അര്‍ദ്ധരാത്രിയില്‍ ബംഗളൂരുവില്‍ മടങ്ങിയെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലൈംഗികാതിക്രമ കേസ് ഉയർന്നതോടെ ഏപ്രിൽ 26 ന് പ്രജ്വല്‍ ജർമ്മനിയിലേക്ക് ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്നതിനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം.