കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തിയ കുറ്റവാളികളെ ഒരു മാസം പിന്നിട്ടിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ തയാറാവാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫും ആർഎംപിയും. വടകരയിൽ കാഫിർ പ്രയോഗം നടത്തിയത് കെ.കെ. ശൈലജയുടെ നേതൃത്വത്തിലാണെന്നും തിരഞ്ഞെടുപ്പിൽ തോൽക്കാൻ ടീച്ചർ കാഫിറിനെ കൂട്ടുപിടിക്കേണ്ടായിരുന്നുവെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. കാഫിർ പ്രയോഗം നടത്തിയ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ്- ആർഎംപി സംയുക്താഭിമുഖ്യത്തിൽ വടകര എസ്പി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഫിർ പ്രയോഗം ഞെട്ടിക്കുന്നതാണ്. വടകരയിൽ ഇത്തരം പ്രചാരണം നടത്തിയത് ആരായാലും കുറ്റക്കാരെ കണ്ടെത്തണം. തിരുവനന്തപുരത്ത് അടക്കം പോലീസിനെ സമീപിക്കുന്നതിന് പകരം ആളുകൾ ഗുണ്ടകളെ ആണ് സമീപിക്കുന്നതെന്നും കെ. മുരളീധരൻ ആരോപിച്ചു. ജൂൺ നാലിന് ശേഷവും കാഫിർ വിഷയത്തിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും കെ. മുരളീധരൻ വടകരയിൽ പറഞ്ഞു. എല്ലാ കാലവും പിണറായി പോലീസുകാരെ സഹായിക്കാൻ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എംപി നേതാവ് എൻ. വേണു ഉൾപ്പെടെയുള്ള നേതാക്കളും വിവിധ യുഡിഎഫ് നേതാക്കളും ധർണ്ണയ്ക്ക് നേതൃത്വം നൽകി.