തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് റോഡ് നിർമ്മാണത്തിലെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം. ദുരിതയാത്രയ്ക്ക് പരിഹാരം തേടി പൊളിച്ചിട്ട റോഡിലൂടെ കോൺഗ്രസ് പ്രവർത്തകർ നരകയാത്ര നടത്തി പ്രതിഷേധിച്ചു. യുഡിഎഫ് കൺവീനർ എം.എം. ഹസ്സനും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ചേർന്നാണ് നരകയാത്ര നയിച്ചത്.
വഴുതക്കാട് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ എം.എം ഹസ്സൻ സമരം ഉദ്ഘാടനം ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. മാസങ്ങളായി ജനജീവിതം ദുസഹമാക്കിയിരിക്കുന്ന റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സമരത്തിന് നേതൃത്വം നൽകിയ ഡിസിസി അധ്യക്ഷൻ പാലോട് രവി ആവശ്യപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് നൂറ് കണക്കിന് പ്രവർത്തകർ അണിചേർന്ന പ്രതിഷേധ യാത്ര തമ്പാനൂരിൽ സമാപിച്ചു.