ന്യൂഡല്‍ഹി: കോൺഗ്രസിന്റെ യുവനീതി തൊഴിൽ വിപ്ലവം കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമെന്നും ജൂൺ 4 മുതൽ യുവാക്കളുടെ ജീവിതത്തിൽ പുതിയ തുടക്കമാകുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കോൺഗ്രസിന്റെ യുവ നീതി വിപ്ലവകരമായിരിക്കുമെന്നും രാജ്യത്തെ യുവാക്കൾക്ക് ഏറെ ഗുണകരമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. 30 ലക്ഷം സർക്കാർ ജോലികളിലെ ഒഴിവുനികത്തും. സംവരണത്തിനുള്ള അവകാശം ഉറപ്പാക്കും. ബിരുദവും ഡിപ്ലോമയും നേടിയ യുവാക്കളെ പരിശീലിപ്പിക്കുന്നതിലൂടെ അവർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയടക്കമുള്ളവ കർശനമായ നിയമത്തിലൂടെ നിയന്ത്രിക്കും.
യുവ രോഷ്നിയിലൂടെ 5000 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട് സൃഷ്ടിക്കും. എല്ലാ ജില്ലകളിലേക്കും 10 കോടി രൂപ ഉപയോഗിച്ച് എംഎസ്എംഇ ബിസിനസുകളുടെ വ്യാപനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിലെത്തുന്നതോടെ യുവാക്കളുടെ ജീവിത ശൈലി തന്നെ മാറും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കടതക്കം സാമൂഹിക സുരക്ഷ ഉറപ്പാക്കും. 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസോടെ ചികിത്സ ലഭ്യമാക്കുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.