തിരുവനന്തപുരം: ബാർ കോഴയിൽ അന്വേഷണസംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. അനിമോൻ ശബ്ദസന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേഖയിട്ടത്. അതിനുശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായ അനിമോന്‍റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡന്‍റ് ചെലുത്തിയസമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നാണ് അനിമോൻ മൊഴി കൊടുത്തത്. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല എന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കെട്ടിടം വാങ്ങാന്‍ നേരത്തെ പണപ്പിരിവ് നടത്തിയിരുന്ന രേഖകൾ പുറത്തുവന്നിരുന്നു. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും.
അനിമോന്‍ പറഞ്ഞത്:
“പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവെച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ട്”.