ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ മെയ് 31ന് ബംഗളുരുവിലെത്തി കീഴടങ്ങും

Jaihind Webdesk
Monday, May 27, 2024

 

ബംഗളുരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ബിജെപി സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണ ഒടുവില്‍ നാട്ടിലേക്ക്. മെയ് 31-ന് ബംഗളുരുവിലെത്തി കീഴടങ്ങും. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തനിക്ക് വിഷാദരോ​ഗം ബാധിച്ചിട്ടുണ്ട്. താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്. മെയ് 31-ന് രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം പ്രജ്ജ്വലിന്‍റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് എംഇഎ വെള്ളിയാഴ്ച പ്രജ്ജ്വലിന് നോട്ടീസും അയച്ചിരുന്നു. 1967-ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമാണ് എംഇഎ നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടാല്‍ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നത്. പോലീസിൽ പരാതി ലഭിച്ചതോടെയാണ് ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടന്നത്. ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാ‍ർ‌ത്ഥിയാണ് ജെഡിഎസ് നേതാവായ പ്രജ്വൽ.