മുല്ലൂർ തോട്ടം ശാന്തകുമാരി കൊലകേസ്; മൂന്ന് പ്രതികൾക്കും തൂക്കു കയര്‍

Jaihind Webdesk
Wednesday, May 22, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ കൊലപെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ മൂന്നു പ്രതികൾക്കും വധശിക്ഷ . ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ താമസിക്കുന്ന റഫീക്ക രണ്ടാം പ്രതി പാലക്കാട് പട്ടാമ്പി സ്വദേശി അൽ അമീൻ,  മൂന്നാം പ്രതി
വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനി സ്വദേശി ഷെഫീഖ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്.

ഒറ്റയ്ക്ക് താമസിക്കുക ആയിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽ വീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഡാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു. റഫീക്ക ശാന്തകുമാരിയുമായി സൗഹൃദം സ്ഥാപിച്ച് ഇവരെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം മൂവരും ചേർന്ന് കഴുത്തിൽ തുണിയിട്ട് മുറുക്കിയും തലയിലും നെറ്റിയിലും ചുറ്റികകൊണ്ട് അടിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

പ്രതികൾ കോവളത്ത് നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലും പങ്കാളികളാണ്. മറ്റ് ചില പോക്സോ കേസിലും ഇവർ പ്രതികളാണ്. സ്ഥിരം കുറ്റവാളികളായ ഇവർക്ക് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ ആണ് തൂക്കുകയർ വിധിച്ചത്.