തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. മറ്റന്നാളോടെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിന്റെ മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയും മിന്നലും കാറ്റുമോടുകൂടിയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി.