പാലായിലെ എയർപോഡ് മോഷണ വിവാദം ഇടതുമുന്നണിയിലും പുകയുന്നു; കടുപ്പിക്കാന്‍ മാണി ഗ്രൂപ്പ്, അറസ്റ്റിനായി സമ്മർദ്ദം ചെലുത്താന്‍ നീക്കം

Jaihind Webdesk
Sunday, May 19, 2024

 

കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ കേസ് കടുപ്പിക്കാന്‍ മാണി ഗ്രൂപ്പ്.  കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതിയില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യണമെന്ന് സമ്മർദ്ദം ചെലുത്താനാണ് മാണി ഗ്രൂപ്പിന്‍റെ നീക്കം. അതേസമയം എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു.

തന്‍റെ എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. മോഷ്ടിക്കപ്പെട്ട എയര്‍പോഡ്  ഇംഗ്ലണ്ടിലേക്ക് കടത്തിയെന്നും ജോസ് ചീരങ്കുഴി ആരോപിച്ചിരുന്നു.  മാർച്ചില്‍ ജോസ് പാലാ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം കേസ് എടുത്തിരുന്നില്ല.  പിന്നീട് മാര്‍ച്ച് ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് എത്തിയതോടെ ഇക്കാര്യം മറച്ചു വെക്കാനാണ് മാണി ഗ്രൂപ്പും  ശ്രമിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഷയം സജീവമാക്കാന്‍ തന്നെയാണ് മാണി വിഭാഗത്തിന്‍റെ നീക്കം. പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മർദ്ദം ചെലുത്താനാണ് നീക്കം.

എന്നാല്‍ ബിനു പുളിക്കക്കണ്ടം എയര്‍പോഡ് മോഷ്ടിച്ചെന്ന ആരോപണം സ്ഥിരീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനു പുളിക്കക്കണ്ടം ഹെെക്കോടതിയെ സമീപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മങ്ങി നിന്ന വിവാദമാണ്  ഇപ്പോള്‍ വീണ്ടും കൊഴുക്കുന്നത്. എയർപോഡ് വിവാദം പുതിയ തലത്തിലേക്ക് എത്തുന്നത് മുന്നണിക്കുള്ളിലും ഭിന്നത സൃഷ്ടിക്കുന്നുണ്ട്. മാണി വിഭാഗത്തിന്‍റെ നീക്കത്തില്‍ സിപിഎം നേതൃത്വത്തിനും അതൃപ്തിയുണ്ട്.