ഊട്ടി: ശക്തമായ മഴയെ തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സർവീസ് റദ്ദാക്കി. റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്നാണ് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കിയത്. കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കൂറ്റന്‍ കല്ലുകളും ട്രാക്കിലേക്ക് വീണതോടെ മേട്ടുപ്പാളയം–ഉദഗമണ്ഡലം (06136) ട്രെയിന്‍ റദ്ദാക്കുകയായിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ 20 വരെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കളക്ടർ എം. അരുണ അറിയിച്ചു. കഴിഞ്ഞ ദിവസം കുറ്റാലത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട് പതിനേഴുകാരന് മരിച്ചിരുന്നു. മലവെള്ളം ഇരച്ചെത്തിയതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ഇതില്‍ അകപ്പെട്ടാണ് കൗമാരക്കാരന് ഒലിച്ചുപോയത്.