‘റായ്ബറേലിയുമായി ഉള്ളത് വർഷങ്ങളുടെ ബന്ധം’; രാഹുലിനായി വോട്ടു ചോദിച്ച് സോണിയയും പ്രിയങ്കയും

Friday, May 17, 2024

 

റായ്ബറേലി/ഉത്തർപ്രദേശ്: റായ്ബറേലിയുമായുളള കുടുംബബന്ധം ഓർമ്മിപ്പിച്ച് സോണിയാ ഗാന്ധി. റായ്ബറേലിയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് താൻ രാഹുലിനെയും പ്രിയങ്കയേയും പഠിപ്പിച്ചതെന്നും സോണിയാ ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ നിന്ന് രാഹുല്‍ ഗാന്ധിയെ 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് പ്രിയങ്കാ ഗാന്ധി അഭ്യർത്ഥിച്ചു. റായ് ബറേലിയിൽ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

100 വർഷമായി തന്‍റെ കുടുംബത്തിന് റായ്ബറേലിയുമായി ബന്ധമുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഇവിടെ നിന്നും പഠിച്ച പാഠങ്ങളാണ് രാഹുലിനും സോണിയക്കും പഠിപ്പിച്ച് നൽകിയത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ബിജെപിയുടെ നാശത്തിന് കാരണമാകുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിഭക്ഷത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച് പാർലമെന്‍റിലേക്ക് അയക്കണമെന്നും പ്രിയങ്ക റായ്ബറേലിക്കാരോട് ആവശ്യപ്പെട്ടു.

റായ്ബറേലിയില്‍ നടന്ന സംയുക്ത തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പം സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ്പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിച്ചേർന്നത്.